Friday, August 1, 2008

ഉറക്കു മരുന്നു.

ബ്രിട്ടീഷ് ലൈബ്രറി അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നു.
പത്രവാര്‍ത്ത.
വിലപ്പെട്ടതെന്തോ കൈമോശം വന്നുവെന്ന തോന്നല്‍.
തിരുവനന്തപുരത്തായിരുന്നപ്പോള്‍ അതിന്റെ പുസ്തക ഷെല്‍ഫുകള്‍ക്കിട
യില്‍ ചിലവാക്കിയ ഒഴിവു സമയങ്ങള്‍,വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍
നിന്നും വിട്ടു പോകാത്ത പുസ്തകങ്ങളുടെ മണം,അവ നല്‍കിയ അറിവുകള്‍
ഇനിയൊരിക്കല്‍ക്കൂടി അനുഭവിക്കാന്‍ കഴിയില്ലല്ലോ.
റൂം മേറ്റായ കുര്യനുവേണ്ടിയാണു മെംബറായത്,അവനു ടെക്കനിക്കല്‍
ബുക്ക്സിലാണു താല്‍പ്പര്യം.ജോലി കിട്ടി തിരുവനന്തപുരത്തു വന്നപ്പോള്‍
താമസിക്കാനൊരിടം തന്നതവനാണു.ശാസ്തമംഗലത്തെ ന്യൂ കേരളാ ടൂറിസ്റ്റ്
ഹോമിലെ ഒറ്റമുറിയില്‍ പാചകവുമായി കൂടിയിരുന്ന അവന്‍ ഗ്യാസ് സ്റ്റ്വ്വും
പാത്രങ്ങളും മൂലയിലേക്കൊതുക്കി ഒരു കട്ടില്‍ പിടിച്ചിട്ടു തലചായ്ക്കാനൊരിടം
തന്നു.അവനാവശ്യപ്പെട്ടാല്‍ ഇതില്‍ക്കൂടുതല്‍ ചെയ്യേണ്ടതല്ലേ?
പാചകത്തിന്റെ കാര്യത്തില്‍ അവനൊറ്റയാനായിത്തന്നെ
നിന്നു,എന്റെ പാചകമൊന്നും നിനക്കു പിടിക്കില്ല അതായിരുന്നു ഭാഷ്യം.
പിന്നീടതു ശരിയാണെന്നെനിക്കും തോന്നി.ഒരിക്കലെങ്കിലും അവന്റെയടുപ്പില്‍
മാംസമല്ലാതെ പച്ചക്കറിയോ മത്സ്യമോ വേവുന്നതു കണ്ടിട്ടില്ല.
ഞായറാഴ്ച പള്ളിയിലേക്കിറങ്ങുമ്പോള്‍ എന്നെയും കൂട്ടും.പാളയം പള്ളിയില്‍
നിന്നിറങ്ങി ബീഫുമായാണു തിരികെ വരിക.അന്നത്തേക്കു കറി,പിറ്റേദിവസ്സം
റോസ്റ്റ്,അടുത്തദിവസ്സം ഫ്രൈ,പിന്നെ ഡബിള്‍ഫ്രൈ .അടുത്തതായി എന്തു
സംഭവിക്കുന്നു എന്നു ഞാന്‍ നോക്കാറില്ല.ഞാന്‍ കഴിക്കുന്ന ഹോട്ടലിലും ഇ
തൊക്കെത്തന്നെ അവസ്ഥ.പരിപ്പുവട അടുത്ത ദിവസ്സം രസവടയാകും,
പിന്നെ സാംബാറുവട,ശേഷം തൈരു വട.അതു കഴിഞ്ഞാലോ?...
“ഓരോ നിമിഷത്തിലും എത്രയെത്ര സാദ്ധ്യതകള്‍”
കുര്യനു തൊട്ടടുത്ത വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടക്കുന്ന കമ്പനി
യിലാണു ജോലി.കുര്യന്‍ പിന്നീട് “വിജില്‍”വോള്‍ട്ടേജ് സ്റ്റബിലൈസെര്‍ ഉണ്ടാ
ക്കി വിറ്റു നല്ല നിലയിലെത്തി.അഞ്ചുമണിക്കു ശേഷം കുര്യനും കൊച്ചൌസേപ്പും
വെള്ളയംബലത്തുള്ള എന്റെ ഓഫീസിലേക്കു വരും.കൊച്ചൌസേപ്പ് ചിറ്റിലപ്പി
ള്ളി “വീ ഗാര്‍ഡ്”സ്റ്റബിലൈസറില്‍ തുടങ്ങി തൊട്ടതല്ലാം പൊന്നാ‍ാക്കി അമ്യൂ
സ്മെന്റ് പാര്‍ക്കും കഴിഞ്ഞു സ്കൈ ഈസ് ദി ലിമിറ്റ് എന്നമട്ടില്‍ നില്‍ക്കുന്നു.
ഇടക്കിടെ അങ്ങേര്‍ പറയുമാ‍യിരുന്നു നിന്നെപ്പോലെ ഒരു സര്‍ക്കാര്‍ ജോലി
ഉണ്ടായിരുന്നെങ്കില്‍ ഈ അലച്ചില്‍ ഒഴിവാക്കാമായിരുന്നു.അങ്ങിനെ സംഭവി
ക്കാതിരുന്നതു എത്ര നന്നായി.
ബ്രിട്ടീഷ് ലൈബ്രറീ വരെ ഞാന്‍ അവരുടെ ഒപ്പം കൂടും.അവര്‍തംബാ
നൂരോ കിഴക്കേ കോട്ടയിലോ കറങ്ങി തിരികെ വരുമ്പോഴേക്കും ഞാന്‍ പുസ്തകമെ
ടുത്തു സെക്രട്ടറിയേറ്റു നടയില്‍ നില്‍ക്കും,കൊച്ചൌസേപ്പ് വീട്ടീലേക്കും
കുര്യനും ഞാനും മ്യൂസിയം വരെ തിരിച്ചുംനടക്കും.ഊണിനു സമയമാകുന്നതു വരെ
അവിടെ കിടന്നും ഇരുന്നും കഴിച്ചു കൂട്ടും.
രാത്രി ഊണിനുശേഷമാണു കുര്യന്റെ വായന തുടങ്ങുക.കിടന്നുകൊണ്ടാ
ണ് വായിക്കുക.ആദ്യമായി പുസ്തകങ്ങള്‍ ഓരോന്നായി മറച്ചു നോക്കും,അതില്‍ നി
ന്നും കട്ടി കൂടിയ ഒരെണ്ണമെടുത്ത് നെഞ്ചില്‍ വെച്ചാണ് തുടക്കം.അഞ്ചോ പത്തോ
മിനുറ്റുകള്‍ക്കുള്ളില്‍ “ട്ടേ” എന്ന ശബ്ദത്തോടെ പുസ്തകം മറിഞ്ഞു വീഴും,ഒപ്പം
കൂര്‍ക്കം വലിക്കുന്ന ശബ്ദവും കേള്‍ക്കാം.
പുസ്തകം ഒരു നല്ല ഉറക്കു മരുന്നാണെന്നു മനസ്സിലാക്കിയതങ്ങിനെയാണ്.
ഉറക്കക്കുറവുള്ള പലരോടും ഞാന്‍ പറയാറുണ്ട് ഉറങ്ങുന്നതിനുമുന്‍പു ഏതെങ്കിലും
കനമുള്ള പുസ്തകമെടുത്തു വായിക്കാന്‍.തെറ്റിദ്ധരിക്കാതിരിക്കാന്‍ കട്ടിയുള്ള എന്ന
വാക്കു ഒഴിവാക്കുകയാണു പതിവ്.
കുര്യനു വേണ്ടിയാണു തുടങ്ങിയതെങ്കിലും ഒരു പാട് നല്ല പുസ്തകങ്ങള്‍
എനിക്കു വായിക്കാന്‍ കഴിഞ്ഞു.ട്രാന്‍സ്ഫറായി തിരുവനന്തപുരം വിട്ടപ്പോഴും ഞാനതി
ന്റെ മെംബെര്‍ഷിപ്പ് ക്യാന്‍സില്‍ ചെയ്യാതെ മോഹന്‍ ദാസിനെ ഏല്‍പ്പിക്കുകയായി
രുന്നു,എന്നെങ്കിലും തിരികെ വരുമ്പോള്‍ എനിക്കുപയൊഗിക്കാമല്ലോ.ഇന്നുവരെ
അതിനു കഴിഞ്ഞില്ല എന്നു മാത്രം.
മ്യുസിയത്തിന്റെ പുല്‍ത്തകിടിയില്‍ രാത്രി കിടക്കുമ്പോള്‍ എന്നെ ഏറെ
ആകര്‍ഷിച്ചിട്ടുള്ളതു തൂമ്പായില്‍ നിന്നു തൊടുത്തു വിടുന്ന റോക്കറ്റുകളാണ്.മുന്നോ
ട്ടുള്ള കുതിപ്പില്‍ മനസ്സിലെ സോഫ്റ്റ് കോര്‍ണ്ണറുകള്‍ ഓരോന്നായി എരിഞ്ഞു തീര്‍ന്നു
കൊണ്ടിരിക്കുന്നു...


.