Tuesday, June 21, 2011

വിജയാഘോഷം?



തെരുവിൽ നടന്ന Activity എന്നതിനുമപ്പുറം എന്തെങ്കിലും വിശേഷം
ഇതിനുള്ളതായ് തൊന്നുന്നുണ്ടോ?
പരിഷ്ക്രിതമായ നാടുകളിൽ പരിഷ്ക്ര്തമായ സമൂഹത്തിൽ ഇതത്ര
serius activity ആയിതോന്നാനിടയില്ല.
ആദ്യത്തേത് Kanada യിൽ കഴിഞ്ഞ june 15നു നടന്നത്
ചുറ്റിലും ലഹള നടക്കുമ്പോഴും തന്റെ ടീമിന്റെ വിജയം പങ്കുവെക്കുന്നു.
രണ്ടാമത്തേത് August 14 ,1945 അമേരിക്കയിൽ ജപ്പാന്റെ മേലുള്ള
വിജയം പങ്കിടൽ. രണ്ടിനുമിടയിൽ 66 കൊല്ലത്തെ ഗ്യാപ്പുണ്ടെങ്കിലും
രണ്ടിന്റേയും രീതി ഒന്നുതന്നെ.



.

Thursday, June 9, 2011

കൈക്കരുത്ത്


ദൈവം തന്റെ രൂപത്തിൽ മനുഷ്യനെ സ്രിഷ്ടിച്ചു ?...
ദൈവികത അൽ‌പ്പം പോലും നൽകിയതുമില്ല..
“എനിക്കു മൂന്നു മക്കളുണ്ട് കൈകൾ വെട്ടി മാറ്റിയെങ്കിലും എന്റെ ജീവൻ രക്ഷിക്കൂ”
എന്ന രോദനം നിസ്സംഗതയോടെ കേട്ടു നിൽക്കാൻ മനസ്സിൽ കരുണയുള്ളവർക്കു
കഴിയുമൊ?..എത്ര പേർ ആ രംഗം മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചി
ട്ടുണ്ടായിരിക്കും.കൈകളുണ്ടായിട്ടും ഒരു കൈ സഹായിക്കാതെ ഫയറെഞ്ജിൻ വരു
ന്നതുവരെ കാത്തു നിന്നവരുടെ കൈക്കരുത്തിനെ ഏതു പേരിലാണറിയപ്പെടുക.
കൈപ്പമംഗലാൻ എന്നു വിളിക്കാമല്ലേ?..

Wednesday, May 19, 2010

English v/s Malayalam

മുണ്ടും ഷർട്ടും അല്ലെങ്കിൽ പാന്റും ഷർട്ടും.ഏതിനാണ് കൂടുതൽ മാന്യത?
വെള്ളക്കാർ നമുക്ക് തന്നു പോയ ഒരു ടൈറ്റ് ഡ്രസ്സിനപ്പൂറം വല്ലതുമ്മുണ്ടോ?
രണ്ടും ധരിക്കുന്ന ആളുകളുടെ ക്വാളിറ്റിയിൽ വ്യത്യാസം കാണാൻ സാധിക്കുമോ?
വളരെ നാളുകൾക്കു മുൻപ് ഉണ്ടായ ഒരു അനുഭവം പറയാം.
ഞാനും എന്റെ വീടിന്നടുത്തുള്ള ഒരു തടി മില്ലുകാരനും ലൈസൻസ് കയ്യിൽ
വെക്കാതെ മോട്ടോർ സൈക്കിൾ ഓടിച്ചതിനു കോടതി കയറേണ്ടി വന്നു.
കോടതിയിൽ ഹാജരായപ്പോൾ ഞാൻ പാന്റും മിൽ മുതലാളി മുണ്ടുമാണു
ധരിച്ചിരുന്നത്.ബഹു.കോടതി എനിക്കു നൂറു രൂപയും മറ്റേയാൾക്കു അൻപതു
രൂപയും പിഴയിട്ടു....

ജീവിതഭാരം


മാത്രുഭൂമി ആഴ്ചപ്പതിപ്പിലെ സെന്റെർ പേജിൽ നിന്നുള്ള ഒരു ദ്ര്ശ്യമാണിത്.
ആവശ്യത്തിലേറെ വലിപ്പമുള്ള ഭാര്യുയും ഒരു സൈക്കിളും,രണ്ടിനേയും ഒരുമിച്ചു നെരേയാക്കാൻ
പെടാപാടുപെടുന്ന ഭർത്താവും,ചിരിക്കാനും ചിന്തിക്കാനും ധാരാളം.ചിരിച്ചു കണ്ടയുടനെ,പിന്നെ
സമയം കിട്ടിയപ്പോഴൊക്കെ.ലോറൽ ആന്റ് ഹാർഡിയിൽ നിന്നുള്ള ഒരു സ്റ്റിൽ പൊലെ.
“സിപ്പോയ്”എന്നതിലേക്കാൾ ജീവിത ഭാരം എന്നല്ലേ ചേരുക?

Monday, May 17, 2010

ചെമ്പരത്തിപ്പൂവേ ചൊല്ലൂ......


ചെമ്പരത്തി, ചുവപ്പൂം ഇളമ്മഞ്ഞയും ഒരേ ചെടിയിൽ..
ചുവപ്പും ,വെളുപ്പൂം ,ഇളംചുകപ്പും ,ഇളമ്മഞ്ഞയും ഒന്നിച്ച് നട്ടതാണ് .കിളിർത്തത്
ഇളമ്മഞ്ഞ മാത്രം.പൂത്തതും ഇളം മഞ്ഞ പൂക്കൾ..വർഷങ്ങൾക്കു ശേഷം ഒരു
ചില്ലയിൽ ചുവന്ന പൂവു വിരിഞ്ഞു. പിന്നീട് ആചില്ലയിൽ ചുവന്നപൂക്കൾ മാത്രം.
പനമ്പിള്ളിനഗറിലേക്കു ടവർലൈൻ വലിക്കുമ്പോഴാണ് ചെമ്പരത്തിയോട് സ്നേഹം
തോന്നിത്തുടങ്ങിയത് .വീടുകൾക്കു മുന്നിൽ പല നിറത്തിലും തരത്തിലും..മറ്റേതു
പൂക്കൾക്കും പകരം വെക്കാൻ പറ്റിയവ.കൂടെ ജോലി ചെയ്യുന്ന മോഹനൻ എല്ലാ
തരത്തിലുള്ള ചെമ്പരത്തിയും വീട്ടിലേക്കു കൊണ്ടു പോകുമായിരുന്നു.അവ ഉണങ്ങി
യൊ അതോ കിളിർത്തു പൂവായോ എന്നു തിരക്കിയിട്ടില്ല.എങ്കിലും പൂത്തുലഞ്ഞ
ചെമ്പരത്തിയുടെ ഒരു തോട്ടം എന്റെ മനസ്സിൽ വാടാതെ നിൽക്കുന്നു.
കാര്യമായ ഒരുപരിചരണമില്ലെങ്കിലും വളർന്നു മനോഹരമായ പൂക്കൾ വിരിയു
ന്ന ഇവയെ നമ്മൾക്കൊന്നു പരിഗണിച്ചു കൂടേ?..

Friday, October 2, 2009

അപ്രിയ സത്യങ്ങൾ

ചെറിയ ഒരിടവേളക്കു ശേഷമാണ് പാന്റും ഷർട്ടും തയ്ക്കുവാനായി

സത്യേട്ടന്റെയടുത്ത് പോകുന്നത്.പഴകി ദ്രവിച്ച ഗോവണി കയറി

ഒന്നാം നിലയിലെത്തുമ്പോൾ ആദ്യം കാണുക മുറിക്കു മുൻപിൽ

മേശമേൽ നിരത്തിയിട്ട തുണികൾ മുറിക്കുന്ന സത്യേട്ടനെയാണ്.

ഇന്നാകാഴ്ചയില്ല.മുറി അടഞ്ഞുകിടക്കുന്നു.സ്ഥിരമായി പുറത്തു കിട

ക്കാറുള്ള മേശയും കലണ്ടറും കാണുന്നില്ല.കലണ്ടറിൽ നോക്കി പെൻ

സിൽ മാർക്കു ചെയ്താണ് തുന്നിതിരികെ തരുന്ന ദിവസ്സം തീരുമാനിക്കുക.

കടയുടെ മുൻപിൽ തൂക്കിയിട്ടുള്ള വെൽഫിറ്റ് എന്ന ബോർടും അപ്പ്രത്യക്ഷ

മായിരിക്കുന്നു. ഒരു നിമിഷം അസുഖകരമായ ചിലത് മനസ്സിലൂടെ പാഞ്ഞു.

തൊട്ടടുത്ത ചിട്ടിക്കമ്പനിയിൽ തിരക്കി. അയാൾ പറഞ്ഞു ഒരാഴ്ച

ക്കുമുൻപതുഷട്ടറിട്ടു.പുള്ളിക്കു എന്താണ് പറ്റിയത്?

ചിരിച്ചുകൊണ്ടായിരുന്നു മറുപടി,വയസ്സായില്ലേ?

കണ്ട്തുടങ്ങിയ നാൾ മുതൽ വലിയ മാറ്റങ്ങളൊന്നുമില്ലാത്ത വെളുത്ത് മെലി

ഞ്ഞ രൂപം. കാലത്തിനു വരുത്താൻ കഴിഞ്ഞത് മീശയിലും മുടിയിയിലും

കുറെ നര മാത്രം.കണ്ണടകൾ മാറി വന്നതു മാറ്റമാണെങ്കിൽ അതും.

വാതിൽ‌പ്പഴുതിലൂടെ എന്തെങ്കിലും കാണാൻ കഴിയുമൊ എന്നു നോക്കി.

നിരന്തരം ചലിച്ചുകൊണ്ടിരുന്ന മെഷീനുകൾ , തയ്പ്പുകഴിഞ്ഞു തേയ്ച്ച്

തൂക്കിയിടാറുള്ള തുണിത്തരങ്ങൾ ,ഇല്ല ഒന്നും ഇല്ല.

തിരിച്ചിറങ്ങുമ്പോഴാണ് ശ്രദ്ധയിൽ പെട്ടത് മരം കൊണ്ടുള്ള ഗോവണിയുടെ

ഒരു പടി പൊളിഞ്ഞു വീഴാറായിരിക്കുന്നു.സൂക്ഷിച്ചിറങ്ങിയില്ലെങ്കിൽ ആള്

താഴെപ്പോകും. മൂന്നുപതിറ്റാണ്ടിലേറെ നീണ്ടകയറ്റിറക്കം ഇന്നിവിടെ വെച്ച

വസാനിക്കുന്നു.എന്നാണു തുടങ്ങിയതെന്നറിയില്ല. എങ്കിലും സത്യേട്ടൻ

തയ്ച്ച പാന്റും ഷർട്ടും മാത്രമേ അന്നുമുതൽ ഞാൻ ധരിച്ചിട്ടുള്ളു.

കേരളതിലായാലും പുറത്തായാലും പാന്റും ഷർട്ടും തയ്ക്കേണ്ടിവരുമ്പോൾ

ത്രിപ്രയാറിലെത്തി ഈ ഗൊവണി കയറുന്നു.

പതിവു പോലെ കുനിഞ്ഞു നിന്നു തുണി മുറിക്കുന്നതിനിടയിൽ തല നിവർ

ത്താതെ ചിരിച്ചു വിശേഷങ്ങൾ തിരക്കുന്നു. കട്ടിങ്ങ് കഴിഞ്ഞാൽ തുണി വാങ്ങി

അളന്നു നൊക്കുന്നു. അളവു ശരിയെങ്കിൽ പിന്നെ തുണിയെപ്പറ്റിയുള്ള അഭി

പ്രായമാണ്.നന്നെങ്കിൽ കൊള്ളാമെന്നും ചീത്തയെങ്കിൽ മോശമെന്നും

തീർത്തും പറയും.പേരുകേട്ട മില്ലിന്റേതാണെങ്കിൽ പോലും ഇതിനു മാറ്റമൊന്നു

മില്ല. പിന്നീടു തയ്ക്കാനുള്ള അളവെടുക്കൽ.അപ്പോഴും കമന്റുണ്ടാകും,

തടീ കൂടിയിരിക്കുന്നു അല്ലെങ്കിൽ കുറഞ്ഞിരിക്കുന്നു. മുന്നിലെ കലണ്ടറിൽ

നോക്കി ഒരു തിയ്യതി പറയും. പറഞ്ഞ ദിവസ്സങ്ങളിൽ എത്താൻ കഴിയാറില്ല.

എങ്കിലും ചെല്ലുമ്പോൾ പറയും അന്നു വരാതിരുന്നത് നന്നായി

എനിക്കു അത്യാവശ്യമായി എറണാകുളം വരെ പോകേണ്ടി വന്നു.
ഒരിക്കൽ ഒരു സുഹ്ര്ത്തിനൊപ്പമാണ് തൈക്കുന്നതിനു ചെന്നത്.തുണി വാങ്ങി നീവ്ര്ത്തി
നോക്കി പതിവു പോലുള്ള അഭിപ്രായപ്രകടനം.സുഹ്രുത്തിന്റെ മുഖം വാടി.
പാന്റും ഷർടും അവന്റെ സംഭാവനയാണ്.
ത്യ്ച്ചത് വാങ്ങാൻ ചെന്നപ്പോഴാണറിഞ്ഞത്,സുന്ദരമായ ഒരു പാന്റും ഷർട്ടും എക്സ്റ്റ്റാ.
ഞാൻ ചോദിച്ചു എന്താണിത്? നിങ്ങളുടെ സുഹ്രുത്തു നിങ്ങൾക്കായി തൈപ്പിച്ചതാണ്.
അതിന്റെ തയ്യൽ ക്കൂലിയും തന്നിട്ടുണ്.
ചിലപ്പോൾ നമ്മൾ അറിയാതെ പറഞ്ഞു പോകുന്ന അപ്രിയ സത്യങ്ങളോ നിറ്ദ്ദോഷമായ
കമന്റുകളോ എന്തല്ലാം പ്രത്യഘാദങ്ങളാണുണ്ടാക്കുക!
ഒരു ഗുണഭോക്താവായ എനിക്ക് ജീവിതകാലം മുഴുവൻ ഓർത്ത്ചിരിക്കാനുള്ള
അവസരം മാത്രമായിരുന്നോ അതുണ്ടാക്കിയത്?
സത്യേട്ട്നും എന്റെ സുഹ്രുത്തുംഎപ്പോഴെങ്കിലും അതോർത്ത് ചിരിച്ചിട്ടുണ്ടാകുമോ?

Saturday, February 14, 2009

ഹലോ തുടരട്ടെ..

ഇടവേളക്കു ശേഷം....

Thursday, September 4, 2008

തമിഴ് സുന്ദരി

അന്നു നാട്ടില്‍ അതൊരു അസാധാരണ സംഭവമായിരുന്നു.
തമിഴ് നാട്ടില്‍ നിന്നും സുന്ദരിയായ ഒരു ബ്രാമ്ണ സ്ട്രീയെ താഴ്ന്ന
ജാതിയില്‍ പെട്ടൊരുവന്‍ കൊണ്ടു വന്ന് കൂടെ താമസിപ്പിക്കുകയെന്നത്.
വേലു തൊഴില്‍ തേടിയാണു തമിഴ് നാട്ടില്‍ പോയത്.തിരിച്ചുവരവ്
ഒറ്റക്കായിരുന്നില്ല,കനകം എന്നൊരു സുന്ദരിയേയും കൂട്ടിയായിരുന്നു.
വെളുത്ത നിറവും ധാരാളം മുടിയും മൂക്കില്‍ ചുകന്ന കല്ലു വെച്ച മൂക്കുത്തിയും.
സംഗതിയുടെ നിറം കടുത്തതാകാന്‍ ഇതുതന്നെ ധാരാളമല്ലെ.
ഞങ്ങളന്നു സ്റ്റഡിസര്‍ക്കിളിന്റെ കീഴില്‍ ഒരു ലൈബ്രറി തട്ടിക്കൂട്ടിയിരുന്നു
തമിഴ് പുസ്തകങ്ങള്‍ ചോദിച്ച് അവര്‍ ലൈബ്രറിയില്‍ വന്നു തുടങ്ങി.
സംഭാവനയായിക്കിട്ടിയ കുറെ തമിഴ് പുസ്തകങ്ങള്‍ ആവശ്യക്കാരില്ലാതെ
അലമാരിയുടെ ഒരു മൂലയില്‍ അടുക്കി വെച്ചിരുന്നു.അതില്‍ നിന്ന് ഓരോ
ന്നെടുത്തു കൊടുക്കും.നല്ല വായനക്കാരി യായിരുന്നതുകൊണ്ട് അതു വലിയ
താമസമില്ലാതെ വായിച്ചു തീര്‍ന്നു.
തമിഴ് പുസ്തകങ്ങള്‍ സംഘടിപ്പിക്കുക അതത്ര എളുപ്പമുള്ള കാര്യമ
ല്ലല്ലോ.മലയാളം പുസ്തകം തന്നെ വാങ്ങാന്‍ സാധിക്കുന്നില്ല.പിന്നെ ഒരാള്‍ക്കു
വേണ്ടി തമിഴ് പുസ്തകം വാങ്ങുക നടപ്പുള്ള കാര്യമാണോ.ലൈബ്രറിയില്‍ വരവു
നിന്നെങ്കിലും പുറമെ കാണുമ്പോള്‍ അവര്‍ ചോദിക്കും”ചേട്ടാ തമിഴ് പുസ്തകം
വല്ലതും വന്നോ?”അതൊരു ഒഴിയാബാധയ്യായപ്പോള്‍ ഞാനവര്‍ക്കു വേണ്ടി
തമിഴ് പുസ്തകങ്ങള്‍ തിരക്കാന്‍ തുടങ്ങി.പലയിടത്തുനിന്നുമായ് കുറെ മാഗസിനു
കള്‍ കിട്ടി,അതുകൊടുത്തു തിരുമ്പോഴേക്കും ജോലി തിരക്കി എനിക്കു നാട്ടില്‍
നിന്നു പോകേണ്ടിയും വന്നു.
നാലഞ്ചുകൊല്ലത്തിനു ശേഷം നാട്ടില്‍തിരിച്ചെത്തിയെപ്പോഴേ
ക്കും ലൈബ്രറിക്ക് അതിന്റെ സ്വഭാവിക മരണം സംഭവിച്ചിരുന്നു.
കനകത്തിനും അവരുടെ ഭര്‍ത്താവ് നഷ്ട്പ്പെട്ടിരുന്നു.ഒരു പെങ്കുട്ടിയേയും അവരെ
ത്തന്നേയും സംരക്ഷിക്കേണ്ട ചുമതല അവരില്‍ വന്നു പെട്ടു.
മോളെ സ്കൂളില്‍ കൊണ്ടു വിടാനും തിരിച്ചു കൊണ്ടു വാരാനും അവര്‍ പോകുന്നതു
കാണാം.മുന്‍പില്‍ വന്നു പെട്ടാല്‍തന്നെ മുഖത്ത് നൊക്കുകയൊ പരിചയ ഭാവം
കാണിക്കുകയൊയില്ല.എന്തൊക്കേയൊ പിറുപിറുത്തുകൊണ്ടവര്‍ നടന്നു പൊകും.
കയ്യില്‍ എപ്പോഴും എന്തെങ്കിലും ഒരു മൂര്‍ച്ചയുള്ളൊരായുധം കാണും.
അവര്‍ക്ക് ഭ്രാന്താണെന്നെല്ലാവരും പറഞ്ഞു.
കുട്ടിയോടൊപ്പമുള്ള അവരുടെ പോക്കുവരവു അവള്‍ പ്ലസ് ടു പാസ്സാകുന്നതുവരെ
തുടര്‍ന്നു.നല്ല മുഖശ്രീയുള്ളകുട്ടിയായതുകൊണ്ടതിന്റെ വിവാഹവും നടന്നു.
കുറെ ദിവ്സ്സങ്ങള്‍ക്കു ശേഷം അവര്‍ വീട്ടില്‍ വന്നു.അവര്‍ പറഞ്ഞു”എനിക്കു
ഭ്രാന്തൊന്നുമില്ല് സാറെ.ഭ്രാന്തും മൂര്‍ച്ചയുള്ളൊരായുധവും എന്റെയും മകളുടേയും
രക്ഷക്കുള്ള ഒരു മറയായിരുന്നു.അഛനില്ലാത്ത ഒരു മകളെ വളര്‍ത്തിക്കൊണ്ടു
വരിക അത്ര എളുപ്പമാണോ ബന്ധുക്കളും സ്വന്തക്കാരും ഇല്ലാത്ത ഒരു നാട്ടില്‍?
സാറിന്റെ കയ്യില്‍ മലയാളം പുസ്തകം വല്ലതുമുണ്ടൊ വായിക്കാന്‍ തരാന്‍.
മകള്‍ മലയാളം പഠിക്കുന്നതോടൊപ്പം ഞാനും മലയാളം പഠിച്ചു ,ഇവിടെ തമിഴ്
പുസ്തകം കിട്ടാന്‍ ബുദ്ധിമുട്ടല്ലെ.”
അല്ലയോ തമിഴ് സുന്ദരീ നിന്റെ മുന്നില്‍ മലയാളി വീരാംഗനകള്‍ എത്ര നി
സ്സാരക്കാര്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.

Friday, August 1, 2008

ഉറക്കു മരുന്നു.

ബ്രിട്ടീഷ് ലൈബ്രറി അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നു.
പത്രവാര്‍ത്ത.
വിലപ്പെട്ടതെന്തോ കൈമോശം വന്നുവെന്ന തോന്നല്‍.
തിരുവനന്തപുരത്തായിരുന്നപ്പോള്‍ അതിന്റെ പുസ്തക ഷെല്‍ഫുകള്‍ക്കിട
യില്‍ ചിലവാക്കിയ ഒഴിവു സമയങ്ങള്‍,വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍
നിന്നും വിട്ടു പോകാത്ത പുസ്തകങ്ങളുടെ മണം,അവ നല്‍കിയ അറിവുകള്‍
ഇനിയൊരിക്കല്‍ക്കൂടി അനുഭവിക്കാന്‍ കഴിയില്ലല്ലോ.
റൂം മേറ്റായ കുര്യനുവേണ്ടിയാണു മെംബറായത്,അവനു ടെക്കനിക്കല്‍
ബുക്ക്സിലാണു താല്‍പ്പര്യം.ജോലി കിട്ടി തിരുവനന്തപുരത്തു വന്നപ്പോള്‍
താമസിക്കാനൊരിടം തന്നതവനാണു.ശാസ്തമംഗലത്തെ ന്യൂ കേരളാ ടൂറിസ്റ്റ്
ഹോമിലെ ഒറ്റമുറിയില്‍ പാചകവുമായി കൂടിയിരുന്ന അവന്‍ ഗ്യാസ് സ്റ്റ്വ്വും
പാത്രങ്ങളും മൂലയിലേക്കൊതുക്കി ഒരു കട്ടില്‍ പിടിച്ചിട്ടു തലചായ്ക്കാനൊരിടം
തന്നു.അവനാവശ്യപ്പെട്ടാല്‍ ഇതില്‍ക്കൂടുതല്‍ ചെയ്യേണ്ടതല്ലേ?
പാചകത്തിന്റെ കാര്യത്തില്‍ അവനൊറ്റയാനായിത്തന്നെ
നിന്നു,എന്റെ പാചകമൊന്നും നിനക്കു പിടിക്കില്ല അതായിരുന്നു ഭാഷ്യം.
പിന്നീടതു ശരിയാണെന്നെനിക്കും തോന്നി.ഒരിക്കലെങ്കിലും അവന്റെയടുപ്പില്‍
മാംസമല്ലാതെ പച്ചക്കറിയോ മത്സ്യമോ വേവുന്നതു കണ്ടിട്ടില്ല.
ഞായറാഴ്ച പള്ളിയിലേക്കിറങ്ങുമ്പോള്‍ എന്നെയും കൂട്ടും.പാളയം പള്ളിയില്‍
നിന്നിറങ്ങി ബീഫുമായാണു തിരികെ വരിക.അന്നത്തേക്കു കറി,പിറ്റേദിവസ്സം
റോസ്റ്റ്,അടുത്തദിവസ്സം ഫ്രൈ,പിന്നെ ഡബിള്‍ഫ്രൈ .അടുത്തതായി എന്തു
സംഭവിക്കുന്നു എന്നു ഞാന്‍ നോക്കാറില്ല.ഞാന്‍ കഴിക്കുന്ന ഹോട്ടലിലും ഇ
തൊക്കെത്തന്നെ അവസ്ഥ.പരിപ്പുവട അടുത്ത ദിവസ്സം രസവടയാകും,
പിന്നെ സാംബാറുവട,ശേഷം തൈരു വട.അതു കഴിഞ്ഞാലോ?...
“ഓരോ നിമിഷത്തിലും എത്രയെത്ര സാദ്ധ്യതകള്‍”
കുര്യനു തൊട്ടടുത്ത വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടക്കുന്ന കമ്പനി
യിലാണു ജോലി.കുര്യന്‍ പിന്നീട് “വിജില്‍”വോള്‍ട്ടേജ് സ്റ്റബിലൈസെര്‍ ഉണ്ടാ
ക്കി വിറ്റു നല്ല നിലയിലെത്തി.അഞ്ചുമണിക്കു ശേഷം കുര്യനും കൊച്ചൌസേപ്പും
വെള്ളയംബലത്തുള്ള എന്റെ ഓഫീസിലേക്കു വരും.കൊച്ചൌസേപ്പ് ചിറ്റിലപ്പി
ള്ളി “വീ ഗാര്‍ഡ്”സ്റ്റബിലൈസറില്‍ തുടങ്ങി തൊട്ടതല്ലാം പൊന്നാ‍ാക്കി അമ്യൂ
സ്മെന്റ് പാര്‍ക്കും കഴിഞ്ഞു സ്കൈ ഈസ് ദി ലിമിറ്റ് എന്നമട്ടില്‍ നില്‍ക്കുന്നു.
ഇടക്കിടെ അങ്ങേര്‍ പറയുമാ‍യിരുന്നു നിന്നെപ്പോലെ ഒരു സര്‍ക്കാര്‍ ജോലി
ഉണ്ടായിരുന്നെങ്കില്‍ ഈ അലച്ചില്‍ ഒഴിവാക്കാമായിരുന്നു.അങ്ങിനെ സംഭവി
ക്കാതിരുന്നതു എത്ര നന്നായി.
ബ്രിട്ടീഷ് ലൈബ്രറീ വരെ ഞാന്‍ അവരുടെ ഒപ്പം കൂടും.അവര്‍തംബാ
നൂരോ കിഴക്കേ കോട്ടയിലോ കറങ്ങി തിരികെ വരുമ്പോഴേക്കും ഞാന്‍ പുസ്തകമെ
ടുത്തു സെക്രട്ടറിയേറ്റു നടയില്‍ നില്‍ക്കും,കൊച്ചൌസേപ്പ് വീട്ടീലേക്കും
കുര്യനും ഞാനും മ്യൂസിയം വരെ തിരിച്ചുംനടക്കും.ഊണിനു സമയമാകുന്നതു വരെ
അവിടെ കിടന്നും ഇരുന്നും കഴിച്ചു കൂട്ടും.
രാത്രി ഊണിനുശേഷമാണു കുര്യന്റെ വായന തുടങ്ങുക.കിടന്നുകൊണ്ടാ
ണ് വായിക്കുക.ആദ്യമായി പുസ്തകങ്ങള്‍ ഓരോന്നായി മറച്ചു നോക്കും,അതില്‍ നി
ന്നും കട്ടി കൂടിയ ഒരെണ്ണമെടുത്ത് നെഞ്ചില്‍ വെച്ചാണ് തുടക്കം.അഞ്ചോ പത്തോ
മിനുറ്റുകള്‍ക്കുള്ളില്‍ “ട്ടേ” എന്ന ശബ്ദത്തോടെ പുസ്തകം മറിഞ്ഞു വീഴും,ഒപ്പം
കൂര്‍ക്കം വലിക്കുന്ന ശബ്ദവും കേള്‍ക്കാം.
പുസ്തകം ഒരു നല്ല ഉറക്കു മരുന്നാണെന്നു മനസ്സിലാക്കിയതങ്ങിനെയാണ്.
ഉറക്കക്കുറവുള്ള പലരോടും ഞാന്‍ പറയാറുണ്ട് ഉറങ്ങുന്നതിനുമുന്‍പു ഏതെങ്കിലും
കനമുള്ള പുസ്തകമെടുത്തു വായിക്കാന്‍.തെറ്റിദ്ധരിക്കാതിരിക്കാന്‍ കട്ടിയുള്ള എന്ന
വാക്കു ഒഴിവാക്കുകയാണു പതിവ്.
കുര്യനു വേണ്ടിയാണു തുടങ്ങിയതെങ്കിലും ഒരു പാട് നല്ല പുസ്തകങ്ങള്‍
എനിക്കു വായിക്കാന്‍ കഴിഞ്ഞു.ട്രാന്‍സ്ഫറായി തിരുവനന്തപുരം വിട്ടപ്പോഴും ഞാനതി
ന്റെ മെംബെര്‍ഷിപ്പ് ക്യാന്‍സില്‍ ചെയ്യാതെ മോഹന്‍ ദാസിനെ ഏല്‍പ്പിക്കുകയായി
രുന്നു,എന്നെങ്കിലും തിരികെ വരുമ്പോള്‍ എനിക്കുപയൊഗിക്കാമല്ലോ.ഇന്നുവരെ
അതിനു കഴിഞ്ഞില്ല എന്നു മാത്രം.
മ്യുസിയത്തിന്റെ പുല്‍ത്തകിടിയില്‍ രാത്രി കിടക്കുമ്പോള്‍ എന്നെ ഏറെ
ആകര്‍ഷിച്ചിട്ടുള്ളതു തൂമ്പായില്‍ നിന്നു തൊടുത്തു വിടുന്ന റോക്കറ്റുകളാണ്.മുന്നോ
ട്ടുള്ള കുതിപ്പില്‍ മനസ്സിലെ സോഫ്റ്റ് കോര്‍ണ്ണറുകള്‍ ഓരോന്നായി എരിഞ്ഞു തീര്‍ന്നു
കൊണ്ടിരിക്കുന്നു...


.

Friday, July 18, 2008

ഭാഗ്യം

ജര്‍മ്മന്‍ ഫുട്ബോള്‍ കാപ്റ്റന്‍ ബലാക് സിമിയോണിനെ മിന്നു കെട്ടി,
പത്തുകൊല്ലം ഒന്നിച്ചു താമസിച്ചു മൂന്നുകുട്ടികളായതിനു ശേഷം‌‌..വാര്‍ത്ത.
അമ്മയുടെ കല്ല്യാണത്തിനു ഉപ്പേരി വിളംബാന്‍ ഭാഗ്യം കിട്ടിയകുട്ടികള്‍!

Tuesday, July 1, 2008

ഒരു നല്ല വെളുപ്പാന്‍ കാലത്ത്

വെളുപ്പിനു അഞ്ചു മണിക്കു അലാറം വെച്ചാണോട്ടം തുടങ്ങുക.
ശാസ്തമങ്കലത്തു നിന്നു തുടങ്ങി പാളയം ചന്ദ്രശേഖരന്‍ നായര്‍
സ്റ്റേഡിയം ചുറ്റി വെളിച്ചമാകുന്നതിനു മുന്‍പു തിരിച്ചെത്തുന്നു.
സഹപ്രവര്‍തതകനും മുറിയനുമായ മോഹന്‍ ദസാണുകൂടെ.
ത്രിശ്ശൂര്‍ക്കാരനാണെങ്കിലും തിരുവനന്തപുരത്തു വെച്ചാണ് പരി
ചയപ്പെടുന്നത്.
കാര്യ മായ കളികള്‍ ഒന്നും കളിച്ചിട്ടില്ലെങ്കിലും സ്പോര്‍
ട്സില്‍ കമ്പമാണ്.ബില്ലിയാര്‍ട്സ് സ്നൂക്കര്‍വരെ കളി നിയമ
ങ്ങള്‍ അറിയും.അലക്സ് വെള്ളക്കാലിനേക്കാളോ നാഗവള്ളി കു
റുപ്പിനേക്കാളോ നന്നായി കമണ്ട്രി നടത്തും.പുള്ളീയുടെ ആശ
യമാ‍ണീയോട്ടം.
വെള്ളയമ്പലെത്തെത്തുമ്പൊള്‍ പങ്കന്‍ വടക്കു നിന്നു ഓടി
ഞങ്ങളുടെ കൂടെ കൂടും.സെക്രട്രിയേറ്റിനു പുറകിലെ മൈതാന
ത്തില്‍ വെച്ചാണ് പങ്കജാക്ഷന്‍ നായരെ പരിചയപ്പെടുന്നതു.
ബാസ്കറ്റ് കളിക്കാരനാണു.കളിക്കുമെന്നല്ലാതെ ഒരു ബോളും
കൈകൊണ്ടു തൊടില്ല.കുറച്ചു മാറി ബോളിന്റെ നീക്കമനുസരിച്ചു
അങ്ങൊട്ടും ഇങ്ങോട്ടും ഓടും.തമാശ തോന്നി മോഹന്‍ ദാസ്
കയറി പരിചയപ്പെട്ടതാണ്.പിന്നെ അതൊരുനല്ലബന്ധമായി.
മ്യൂസിയം കഴിഞ്ഞു നന്ദങ്കോട് റോഡെത്തുമ്പൊള്‍ മാധവന്‍
നായര്‍ വരും.സെക്രട്രിയേറ്റില്‍ വാച്ച് ആന്റ് വാര്‍ഡിലാണു പണി.
താമസിക്കുന്നതു നന്തങ്കോടു ഷാപ്പിനടുത്താണ്. അങ്ങിനെയുള്ള
പരിചയമാണ്.

പിന്നെപിന്നെ ഓട്ടക്കാരുടെ എണ്ണം കൂടീകൂടീ വരും.എല്ലാവരും
സ്പോര്‍ട്സ് ഷൂവിലും പാന്റ്സിലുമാണ്.ഞങ്ങള്‍ രണ്ടുപേര്‍ മാത്രമാണു
ലുങ്കിയില്‍,ഓട്ടം മുറുകിയതിനു ശേഷമാകാമെന്നു കരുതി മാ‍റ്റം.
അതുകൊണ്ടാണു വെളിച്ചമാകുന്നതിനു മുന്‍പെ തിരിച്ചെത്തുന്നത്.
വീട്ടില്‍ തിരികെയെത്തുമ്പോഴേക്കും മജീദ് ചായ റെഡിയാക്കി വെച്ചി
രിക്കും.മജീദ് ഒരു മാസത്തെ ഇന്‍സര്‍വീസ് കോഴ്സിനെത്തി ഞങ്ങളൊ
ടൊപ്പം ചേര്‍ന്നതാണ്.മലപ്പുറത്താണ് വീട്.ഏതു സഹചാര്യത്തിലും
അഞ്ചു നേരം നിസ്കരിക്കും.നന്നായി പാചകം ചെയ്യും.മലപ്പുറത്തെ
വാപ്പാന്റെ ഹോട്ടലാണ് കളരി.
അന്നും അലാറം കേട്ടാണ് ഓട്ടംതുടങ്ങിയത്. വെള്ളയമ്പല
ത്തെത്തിയപ്പോള്‍ പങ്കനില്ല.മ്യൂസിയത്തിനടുത്തെത്തിയിട്ടും മരങ്ങളില്‍
ചേക്കേറിയ കാക്കകളുടെ പതിവു കരച്ചിലില്ല.പകരം കുരങ്ങുകളുടെ കൂ
ക്കി വിളിയും സിംഹത്തിന്റെ അമര്‍ത്തിയുള്ള ഹുങ്കാരവവും.നന്തങ്കോടു
റോഡിലെത്തിയപ്പോള്‍ മാധവന്‍ നായരേയും കാണുന്നില്ല.
എന്താണെന്നു ആലോചിക്കുമ്പൊഴേക്കും ഒരു ജീപ്പ് പിന്നില്‍ വന്നു ബ്രേ
ക്കിട്ടു.”എവിടേക്കാണ് പാതിരക്കു രണ്ടും കൂടി?..
ഞങ്ങള്‍ ഓട്ടത്തിലാണ് സാര്‍”
കോര്‍പ്പറേഷന്‍ ഓഫീസിലെ ക്ലോക്കു ചൂണ്ടി പോലീസ് കാരന്‍ ചോദിച്ചു
“സമയമെത്രെയെന്നു നോക്കടാ?..
മണി മൂന്ന്.ഞങ്ങള്‍ വിവരങ്ങള്‍ പറഞ്ഞു.
“കയറടാ വണ്ടിയില്‍”
രണ്ടിനേയും കയറ്റി വണ്ടി വിട്ടു. വീടിനു മുന്‍പില്‍ വണ്ടി നിന്നപ്പോള്‍
മജീദ് ഓടി വന്നു കാര്യം പറഞു.
ഞങ്ങള്‍ അഞ്ചിനു വെച്ച അലാറം അയാള്‍ മൂന്നിനു മാറ്റി വെച്ചതാണു.
പരീഷ്ഷക്കു പഠിക്കുവാന്‍ വേണ്ടിയാണു.അലാറം കേട്ടിട്ടും അയാള്‍ ഉണര്‍
ന്നില്ല.ഞങ്ങള്‍ അതോഫ് ചെയ്തു ഓട്ടവും തുടങ്ങി.
ബാത്ത് റൂമിലേക്കു നടക്കുമ്പൊള്‍ മോഹന്‍ ദാസ് പിറുപിറുത്തു
“ഞാനിന്നു അവനെ രണ്ടു തെറി വിളിക്കും”
ഞാന്‍ പറഞു അവന്‍ മലപ്പുറം കത്തിയാണ്.സര്‍വ്വീസില്‍ കയറുന്നതിനു
മുന്‍പു രണ്ട്കെട്ടി മൊഴി ചൊല്ലിയവനാണു.ഇനിയിവിടെ പതിനഞ്ചു ദിവ
സ്സവും കൂടിയേ കാണൂ,അത്രയും കാലം കൂടി നല്ല ഭഷ്ഷണം കഴിച്ചൂടെ?...
ദാസ് മുരണ്ടു “അവന്റെ ഒരു മലപ്പുറം കത്തി.“
ബാത്ത് റൂമില്‍ നിന്നു വരുമ്പോഴേക്കും പുട്ടും പപ്പടവും മേശ്ശപ്പുറത്തു റെഡി
അതു കണ്ടു മനമുരുകിയ ദാസ് പറഞ്ഞു.”പ്രതി തുമ്പില്ലാത്തവനും നീര്‍ദോ
ഷിയുമായതുകൊണ്ടും ഇത്തവണ മാപ്പു കൊടുക്കാം”...

Saturday, March 15, 2008

വായന

“ പിന്നിട്ടവഴികള്‍”ജീവിത സ്മരണകള്‍ വായിക്കുകയായിരുന്നു.
ഓരോ അനുഭവ വിവരണത്തിനു ശേഷവും ഒരു വലിയ കുത്ത്.
വലിയ ഒരു വിവരണത്തിനു ശേഷം സ്മരണകള്‍ അവസാനി
ക്കുമ്പോള്‍ കോമയുമില്ല കുത്തുമില്ല.

Wednesday, March 12, 2008

ഗോപകുമാരന്റെ മുന്നില്‍

താടീ,ഞാന്‍ ഗോപന്‍,നാളെ ഗുരുവായൂര്‍ വരണം.
മകന്റെ ചോറൂണ്.ഭാര്യയും അമ്മയും കൂടെ കാണും.
തിരുവനന്തപുരത്തെ ജോലിക്കാലം മുഴുവന്‍ ഞാന്‍
താടിയിലായിരുന്നു,അങ്ങിനെ വീണു കിട്ടിയതാണീ
പേര്.സഫാരി സൂട്ടില്‍ എന്നും ഓഫീസില്‍ വരുന്ന
വെളുത്തു സുന്ദരനായ ഗോപന്‍,സജ്ജയ്യ് ദത്തിന്റെ
ഒരു മിനി പതിപ്പ്.ചിരിച്ചുകൊണ്ടല്ലാതെ ഗോപനെ
കാണുക അസാദ്ധ്യം.സ്നേഹം നിറഞ്ഞ വ്യക്തിത്വ
ത്തിന്റെ ഉടമ.സിഗരറ്റു വലിയാണു ഹോബി,ഒന്നില്‍
നിന്നു മറ്റൊന്നിലേക്കു കയറും.കീശയില്‍ എപ്പോഴും
ഒന്നിലധികം പേക്കറ്റുകള്‍ കാണും.കണ്ടിനുവിറ്റി
നഷ്ടപ്പെടരുതല്ലോ.

ത്രിശ്ശൂരിലേക്കു മാറ്റമായതിനാല്‍ എനിക്കു ഗോപന്റെ
കല്ല്യ്യാണം കൂടാന്‍ കഴിഞ്ഞില്ല.ഭാര്യ സുന്ദരിയാണു.
ഗോപന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ നിറം കുറഞ്ഞ പോലെ.
സ്വല്‍പ്പം കുടവയര്‍,കണ്ണുകള്‍ക്കു താഴെ കറുത്തനിഴല്‍,
ഇത്രയുമാണ് ഗോപനിലുള്ള മാറ്റം.അമ്പലത്തിനകത്തേക്കു
പോകാതെ ഗോപന്‍ പുറത്തുനിന്നു.ഞാന്‍ പറഞ്ഞു“
“ അഛന്റെ മടിയിലായിരിക്കണം മകന്റെ ചോറൂണ്”
‘അവന്‍ അമ്മുമ്മയുടെ മടിയിലിരുന്നു ഉണ്ടു കൊള്ളൂം”
അയാള്‍ പറഞ്ഞു.എന്തായിരിക്കും ഈ മനം മാറ്റത്തിനു
കാരണം.അമ്പലത്തിനോടു അലര്‍ജി ഉള്ളതായി എനിക്കു
തോന്നിയിട്ടില്ല.ഞങ്ങളൊരുമിച്ചു പല്‍മനാഭ സ്വാമി ക്ഷേത്ര
ത്തില്‍ രാത്രി ഉറക്കമൊഴിച്ചു കഥകളി കണ്ടിട്ടുണ്ട്,പഴവങ്ങാടി
ഗണപതിയുടെ നടയില്‍ തേങ്ങായുരുട്ടിയുണ്ട്.

ഒഴിവുദിവസ്സങ്ങളില്‍ പാല്‍ക്കുളങ്ങരയുള്ള ഗോപന്റെ വീട്ടില്‍
കൂടും.വീട്ടില്‍ അമ്മ മത്രമേയുള്ളു,അഛന്‍ നേരത്തെ മരിച്ചു പോ
യിരുന്നു.തിരുവോന്തിരത്തിന്റെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍
അയാള്‍ വിവാഹത്തെക്കുറിച്ചു സംസാരിക്കാറുണ്ട്.ഭാവി വധുവിനെ
ക്കുറിച്ചും വിവഹത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും അയാള്‍ക്ക്
മധുരമുള്ള സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു.പലപ്പോഴായി പറഞ്ഞ കാര്യ
ങ്ങള്‍ ഒന്നിച്ചു ചേര്‍ത്തു നോക്കി.എവിടെയാണ് അല്ലെങ്ങില്‍ ആര്‍
ക്കാണ് കുഴപ്പം സംഭവിച്ചത്?.

അപ്പോഴാണ് ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട
ത്.ഒരു യാചകന്‍ ആലിന്‍ ചുവട്ടില്‍ തോര്‍ത്തു വിരിച്ചു അതില്‍ നാ
ണയങ്ങള്‍ നിരത്തി ഒരറ്റത്തായി ചമ്രം പടഞ്ഞിരിക്കുന്നു.
അയാള്‍ നേരത്തേ വാങ്ങി വെച്ചിരുന്ന ഒരു സിഗരറ്റെടുത്ത് കൊള്ളി
പരതി കൊളുത്തി.തനിക്കു കിട്ടിയ അപുര്‍വ്വ സൌഭാഗ്യം ആസ്വതി
ച്ചുകൊണ്ടു ഓരോ കവിളുകളായി പുകയെടുത്തു വലയങ്ങളായും,
മൂക്കില്‍ക്കൂടിയും എങ്ങോട്ടെന്നില്ലാതെയും ഊതിവിട്ടു രസിച്ചു.
പരിസരം മറന്ന ഈ പ്രവര്‍ത്തി കണ്ടു ഞാന്‍ പറഞ്ഞു”നോക്കൂ
ഗോപാ,അയാള്‍ എത്ര ആസ്വദിച്ചാണതു വലിക്കുന്നാതു,
ജീവിതവും അങ്ങിനെ ഒക്കെയാണ് എരിഞ്ഞു തിരുന്നതിനു മുന്‍പ്
അതിന്റെ രസവും മണവും ആസ്വദിക്കുക.”
തീ കയ്യ് പൊള്ളിക്കുന്നതുവരെ അയാള്‍ അതു തുടര്‍ന്നു,
ഒടുവില്‍ മനമില്ലാ മനസ്സോടെ അതു വലിച്ചെറിഞ്ഞു.
ഗോപന്‍ അയാളെ കണ്ണെടുക്കതെ നോക്കി നില്‍ക്കുകയായിരുന്നു.
ഒടുവില്‍ കീശയില്‍ നിന്നു സിഗരറ്റു പാക്കുകള്‍ പുറത്തെടുത്തു
യചകന്റെ തോര്‍ത്തിലേക്കിട്ടുകൊണ്ടു ഭഗവാന്റെ മുന്നിലേക്കു
നടന്നു..

Saturday, March 8, 2008

കുസ്രുതി.

I never dit it....never...
വര്‍ഗ്ഗീസിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണു ഞാനങ്ങോട്ട് ചെന്നത്.
ഒരു സായിപ്പ് വര്‍ഗ്ഗീസിന്റെ കയ്യില്‍ നിന്നു ക്യാമറ പിടിച്ചു വാങ്ങാന്‍
ശ്രമിക്കുന്നു.സായിപ്പിന്റെ ഗേള്‍ഫ്രെന്റിന്റെ ബിക്കിനിയിലുള്ള ഫോട്ടോ
ഒളിഞ്ഞു നിന്നെടുത്തതാണു പ്രശ്നം.ക്യാമറയിലെ ഫിലിം റോളില്‍
കുറഞ്ഞൊന്നിനും സായിപ്പ് വഴങ്ങുന്ന ലക്ഷണമില്ല.ഞാന്‍ വര്‍ഗ്ഗീസിന്റെ
കയ്യില്‍നിന്നു ക്യാമറ വാങ്ങി എന്റെ കീശയില്‍ തിരുകി.
തീരെ നന്നല്ലാത്ത കുറേ തെറികള്‍ വിളിച്ചുകൊണ്ടു സായിപ്പ് മാനേജര്‍ക്കു
പരാതി കൊടുക്കുവാന്‍ പോയി.പെട്ടെന്നു തന്നെ ഞാന്‍ ക്യാമറയിലുണ്ടാ
യിരുന്ന ഫിലിം റോള്‍ മാറ്റി വേറൊന്നു ലോഡ് ചെയ്തു.

ബോള്‍ഗാട്ടിയിലേക്കുള്ള ഒരു ട്രിപ്പ് വയ്പ്പിന്‍ ഇല.സെക്ഷന്‍
അസി.എഞ്ചിനീയര്‍ ജോയ് അറേഞ്ച് ചെയ്തതാണ്.പാലസിലേക്കുള്ള
പവര്‍ സപ്പ്ലെ ഈ സെക്ഷെനില്‍ നിന്നാണ്.കേടുപാടുകള്‍ വന്നാല്‍
തീര്‍ക്കാന്‍ ഒരു ബോട്ടുകൂടിയുണ്ട്.അതിലായിരുന്നു യാത്ര.ആപ്പിസിന്റെ
വടക്കു ഭാഗത്തുള്ള കനാലില്‍ നിന്നായിരുന്നു തുടക്കം.
അതിഥികളുടെ മനസ്സ് കണ്ടറിഞ്ഞു സല്‍ക്കരിക്കാനുള്ള ജോയ് സാറിന്റെ
കഴിവ് ഒന്നു വേറെയാണു,അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ ആതിഥ്യം
എന്നും ഞങ്ങള്‍ക്കൊരു ഹരമായിരുന്നു.എല്ലാം ആവശ്യമനുസരിച്ചു
ജോയിയുടെ വിശ്വസ്തന്‍ കൂടിയായ വര്‍ഗ്ഗീസ് കരുതിയിരുന്നു.
ചീനവലകള്‍ നിഴല്‍ വിരിച്ച കായലില്‍ക്കൂടി ബോള്‍ഗാട്ടിയിലേക്കു.
അങ്ങു ദൂരെ കൊച്ചിതുറമുഖത്ത് നങ്കൂരമിട്ട കപ്പലു കളുടെ നിരകള്‍.

പാലസിലെ എല്ലാവരുമായും ജോയിക്കു നല്ല ബന്ധമായിരുന്നു,
അതു മുതലാക്കി ഞങ്ങല്‍ യതേഷ്ടം വിഹരിച്ചു.അതിനിടയിലായിരുന്നു
ഇങ്ങിനെയൊരു സംഭവം.മാനേജര്‍ ജോയിയെ അങ്ങോട്ടു വിളിപ്പിച്ചു.
കാര്യങ്ങള്‍ തിരക്കി.വര്‍ഗ്ഗീസ്സിന്റെ മൊഴിയനുസരിച്ചു അങ്ങിനെയൊന്നു
നടന്നിട്ടില്ലെന്നു പറഞ്ഞു.മാനേജറും സായിപ്പും ഒരുവിധത്തിലും ത്രിപ്ത
രായിരുന്നില്ല.സായിപ്പിനെ മെരുക്കാന്‍ നാന്നായി പണിപ്പെടേണ്ടിയും
വന്നു.വിദേശികളോട് മോശമായി പെരുമാറിയാലുള്ള അവസ്ഥ മാനേ
ജര്‍ വിവരിച്ചു“.നിങ്ങളുടെ ആള്‍ക്കാരില്‍നിന്നു ഇങ്ങിനെയൊരു പെരുമാറ്റം
പ്രതീക്ഷീച്ചതല്ല”.

സമയം കളയാതെ ഞങ്ങള്‍ ബോട്ട് ബ്രോഡ് വെ ലാക്കാക്കി
വിട്ടു.വര്‍ഗ്ഗീസ് കുറെയേറെ മദ്യവുമായാണു തിരികെ വന്നത്.നിറം മങ്ങിയ
യാത്രയെ തിളക്കമുള്ളതാക്കാന്‍ ബോട്ട് കായലില്‍ തലങ്ങും വിലങ്ങും
ഓടീച്ചു.തിരിച്ചെത്തിയപ്പോള്‍ ജോയി പറഞ്ഞു ഫോട്ടോ പ്രിന്റ് എടുത്തു
എനിക്കുകൂടി കാണിച്ചു തരണം.നമ്മളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റു
ണ്ടോയെന്നറിയണമല്ലോ.പ്രിന്റെടുത്തു നോക്കിയപ്പോല്‍ മദാമ്മ അതി
ലുണ്ട്.അതൊഴിവാക്കിയാണു ഞാന്‍ ജോയിയെ കാണിച്ചത്.
പെട്ടെന്നു തോന്നിയ ഒരു കുസ്രുതി ഒരാളുടെ വിശ്വസ്ഥതക്കു കുറവു വരു
ത്തരുതല്ലൊ.വര്‍ഗ്ഗീസ് എന്റെയരികില്‍ വന്നു സ്വകാര്യമായി തിരക്കി
“അതതിലില്ലേ?.”
"never......."
അയാള്‍ വിശ്വാസം വരാതെ ചിരിച്ചു.

Saturday, March 1, 2008

ആംബുലന്‍സിലെ യാത്ര.

അരിയും ഉണക്കമീനും ഗള്‍ഫ് നാ‍ട്ടില്‍ വിറ്റു കാശായപ്പോള്‍ തോന്നിയതാണു
ഒരു ഹോസ്പ്പിറ്റല്‍,ഉള്‍വിളിപോലെയാണു തുടക്കം.
നിലക്കാത്ത വൈദ്യുതിക്കു വേണ്ടി ഒരു ട്രാന്‍സ് ഫോര്‍മര്‍,സ്റ്റാന്റ് ബൈയായി
ഒരു ജനറേറ്റര്‍ ,എല്ലാം മുറപോലെ.
ഡീസലിന്റെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ അതു കഴിയുന്നത്ര കുറച്ചുപ
യോഗിക്കുകയാണല്ലോ വഴി.കരണ്ടു പോയാല്‍ യം.ഡി.ഇല.ഓഫീസില്‍
വിളിച്ചുപറയും,വണ്ടിവിട്ടുതരാം കഴിയും വേഗം കരണ്ടു തരണം.
ചിലപ്പോള്‍ ആംബുലന്‍സായിരിക്കും വരിക.
അപകടം അല്ലെങ്കില്‍ ഗുരുതരമായ അവസ്ഥ അതുമല്ലെങ്കില്‍ മരണം,
ആംബുലന്‍സ് കാണുമ്പോള്‍ നമ്മളുടെ മനസ്സില്‍ വരിക അതൊക്കെയായിരിക്കും.
അതില്‍കയറി യാത്ര ചെയ്യുക പലര്‍ക്കും വിഷമമുള്ള കാര്യമാണ്.
ഒരു ദിവസം ആംബുലന്‍സുമായി ഞങ്ങള്‍ കരണ്ട് ശരിയാക്കാന്‍
പുറപ്പെടുന്നു.കേടായഭാഗം ഓഫ് ചെയ്തു.ബാക്കി ഭാഗത്ത് കരണ്ട് കിട്ടണമെങ്കില്‍
സബ് സ്റ്റേഷനുമായി ബന്ധപ്പെടണം.അന്നു മൊബൈല്‍ ഫോണ്‍ പ്രചാരത്തിലാ
യിട്ടില്ല,ലാന്റ് ഫോണാണെങ്കില്‍ വളരെ കുറവും.ഫോണുള്ള വീടു നോക്കി
ആംബുലന്‍സ് വിട്ടു.വീടിന്റെ ഗേറ്റില്‍ ആംബുലന്‍സ് നിര്‍ത്തി ,ഞാന്‍ വീട്ടിലേക്കു
നടന്നു.പെട്ടെന്നു വീട്ടില്‍ നിന്നു കൂട്ടു നിലവിളി ഉയര്‍ന്നു.
അയല്‍ക്കാര്‍ ഓടിവന്നു.ആംബുലന്‍സിനു ചുറ്റും കൂടി.ചിലര്‍ ഉള്ളിലേക്കുഎത്തി
നോക്കി.പേടിച്ചുപോയഞാന്‍ ഒരു പരിചയക്കാരനോട് തിരക്കി.
അയാള്‍ പറഞ്ഞു”ആ വീട്ടിലെ ഒരാള്‍ ഗുരുതരമായ അവസ്ഥയില്‍ ആസ്പ്പത്രി
യിലാണ്,പെട്ടെന്നു ആംബുലന്‍സ് കണ്ടപ്പോള്‍ വീട്ടുകാര്‍ ഭയന്നു കരഞ്ഞതാണ്.“
വിശദീകരണത്തിനൊന്നും നില്‍ക്കാതെ ഞാനാംബുലന്‍സില്‍ക്കയറി
ഫോണുള്ള അടുത്ത വീടു ലാക്കാക്കി വിട്ടു.

Sunday, February 24, 2008

വിളിപ്പേര്.

വിരസ്സമായ ഒരു ഞായറിനെ എങ്ങിനെ സരസ്സമാക്കാമന്നു ചിന്തിച്ചിരി
ക്കുമ്പോഴാണു അശോകന്റെ വിളി.മറ്റൊന്നും ചിന്തിക്കില്ലെങ്കില്‍
ഇന്നത്തെ വയ്കുന്നേരം നമ്മള്‍ക്കൊന്നിച്ചാകാം.
അശോകന്‍ ഗല്‍ഫില്‍ നിന്നു വന്നതിനു ശേഷമുള്ള പരിചയമുള്ളു,
ഒറ്റക്കു പൊകാനൊരു മടി.ഞാന്‍ പറഞ്ഞു”എന്റെ കൂടെ കാര്‍ത്തുവുമുണ്ടാകും’
“വിത്ത് പ്ലഷര്‍” മറുതലമറുപടി.
കാര്‍ത്തു എന്നതു ഞാന്‍ വിളിക്കുന്ന ചുരുക്കപ്പേര്‍ ,മുഴുവന്‍ കാര്‍ത്തികേയന്‍
നായര്‍ ഫ്രം കൊല്ലം.കൊല്ലം വിട്ടവനു ഇല്ലം വേണ്ട എന്നതു പോലെ
കൊല്ലങ്ങളായി ഇവിടെ.ഒറ്റയായ താമസ്സത്തിന്റെ വിരസ്സത ഒഴിവാക്കാനാണു
ഞാനുമായുള്ള കമ്പനി.

വൈകിയിട്ട് ഒരോട്ടോ പിടിച്ചു ഞാന്‍ നായരുടെ വീട്ടിലെത്തുന്നു.
വീടു അകത്തുനിന്നു പൂട്ടിയിരിക്കുന്നു.ഞാന്‍ വാതിലില്‍ തട്ടി വിളിച്ചു”കാര്‍ത്തൂ,
കാര്‍ത്തൂ”.മറുപടി ഇല്ലാത്തതിനാല്‍ ഞാന്‍ പുറകുവശത്തേക്കു പോയി.
എന്നെ സഹായിക്കാനായി ഓട്ടൊ ഡ്രൈവര്‍ ഇറങ്ങി വന്നു വാതിലില്‍തട്ടി വിളി
തുടങ്ങി”ചേച്ചീ,കാര്‍ത്തുച്ചേച്ചീ”.പുറകില്‍നിന്നുവരുമ്പോഴേക്കും അയാള്‍ മറുപടി
യൊന്നും കിട്ടാത്തതിനാല്‍ അപ്പുറത്തെ ജനലിലും തട്ടി വിളിക്കുന്നുണ്ടായിരുന്നു,
ചേച്ചീ,കാര്‍ത്തുച്ചേച്ചീ”.ഞാന്‍ പറഞ്ഞു ആളിവിടെ ഇല്ല,വഴിയില്‍ നിന്നു കിട്ടും.
പോകുന്ന വഴിയില്‍ കാര്‍ത്തികേയന്‍ നായരെക്കണ്ടു.വണ്ടിനിറുത്തി കേറുന്നതിനി
ടയില്‍ ഡ്രൈവര്‍ ചോദിച്ചു”ഇയാളായിരുന്നൊ ഞാന്‍ കരുതി സാറിന്റെ ഭാര്യയായി
രിക്കുമെന്നു”.

അശോകന്റെ വീട്ടിലെത്തിയപ്പോള്‍ ഞാനാദ്യം പുറത്തിറങ്ങി നടന്നു.
കാര്‍ത്തികേയന്‍ ഓട്ടൊക്കാരനെ പിരിച്ചയക്കാന്‍ നിന്നു.അശോകന്‍ ഇറങ്ങി വന്നു
എന്നോടു ചോദിച്ചു”എവിടെ സാറിന്റെ ഭാര്യ ?എന്റെ മിസ്സിസ്സ് പരിചയപ്പെടാനിരി
ക്കയാണ്. ഞാന്‍ കാര്‍ത്തികേയന്‍ നായരെ ചൂണ്ടി പറഞ്ഞു”ഇതാണു കാര്‍ത്തു
പരിചയമായതില്‍പ്പിന്നെ ഞാനങ്ങിനെയാണ് വിളിക്കുന്നത്.”..............

Saturday, February 16, 2008

പ്രചോദനം.

പനാജി‌‌ മഡ് ഗാവ് റോഡരുകില്‍ ജ്വാരിയിലായിരുന്നു വീട്.
വീടിന്റെ മുന്നിലാണു പനാജിയിലേക്കുള്ള ബസ് സ്റ്റോപ്പ്.
മുന്‍ വാതില്‍ തുറന്നു അകത്തു കടന്നപ്പോഴേക്കും പിന്‍ വാതിലില്‍ മുട്ട് കേട്ടു
കയ്യില്‍ പാക്കറ്റുമായ് പതിനാറുപ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി.
മിനിയും ഷര്‍ട്ടും വേഷം .നീണ്ട മുടി സ്കര്‍ട്ടിനും താഴെ കിടക്കുന്നു.
അവള്‍ അടുക്കളയിലേക്കു കയറി പാല്‍ പാക്കറ്റ് അകത്തു വെച്ചു,തിരിച്ചു
വന്നു ചോദിച്ചു”യാത്ര സുഖമായിരുന്നോ, വീട്ടിലെ വിശേഷങ്ങള്‍
എന്തല്ലാമാണ്”?.എന്റെ ബയോഡാറ്റകള്‍ അച്ഛനില്‍ നിന്നും മനസ്സിലാക്കി
യിട്ടുണ്ടാകും,പരിചയഭാവം കണ്ടപ്പോള്‍ ഞാനൂഹിച്ചു.
ചോദ്യം ഇംഗ്ലീഷിലായിരുന്നെങ്കിലും മലയാളത്തിലായിരുന്നു എന്റെ മറുപടി.
അതുകേട്ടവള്‍ പൊട്ടിച്ചിരിച്ചു.
അച്ഛന്‍ പറഞ്ഞു”അവള്‍ക്കു മലയാളം അറിയില്ല.ഇംഗ്ലീഷ്,ഹിന്ദി,മറാത്തി,
കൊങ്ങിണി ഇവയല്ലാം അറിയാം.മറുനാട്ടില്‍ വന്നാല്‍ ആദ്യം ചെയ്യേണ്ടതു
അവിടുത്തെ ഭാഷ പഠിക്കുകയാണ്,ഇവിടുത്തെ ഭാഷ കൊങ്ങണിയാണു,
അതവള്‍ നിനക്കു പഠിപ്പിച്ചു തരും”.
അവള്‍ വൈകിയിട്ടു വരാമെന്നു പറഞ്ഞു പോയി.
എനിക്കു പറ്റിയ അമളിയോര്‍ത്തു ഞാന്‍ ചിരിച്ചു,കണ്ടാല്‍ മലയാളിയാണെന്നേ
തോന്നൂ,പേരും മലയാളിയുടേത്,ലത.
വീടിനു പുറകുവശത്തൊരു വയല്‍,അതില്‍ പോര്‍ക്കും കോഴിയും മേഞ്ഞു
നടക്കുന്നു.വയലിനപ്പുറത്താണവളുടെ വീടു.
അവളുടെ ഡാഡി മരിച്ചിട്ടധികം നാളായിട്ടില്ല.അമിതമായ മദ്യപാനമാണു
കാരണം.ഗോവയില്‍ ഏറ്റവും വിലകുറഞ്ഞ സാധനമാണ് മദ്യം.
ഡെം പൊ കമ്പനിയിലായിരുന്നു ജോലി.
അവളുടെ ഡാഡിയും എന്റെ അച്ഛനും നല്ല അടുപ്പത്തിലായിരുന്നു.
മിലിട്ടറി കാന്റീനില്‍ നിന്നു കിട്ടുന്ന മദ്യമായിരുന്നു ഒരുകാര്യം.
ലതയുടെ ഡാഡിയുമായുള്ള അടുപ്പമാണു അവളെ വീട്ടിലെ ഒരംഗത്തെ
പോലെയാക്കിയത്.അവളുടെ വീടിനോട് ചേര്‍ന്നു ഒരു കടനടത്തുന്നുണ്ട്.
ഡാഡിയുള്ളപ്പോള്‍ തന്നെ ഒരുരസത്തിനു തുടങ്ങിയതാണ്,അതിപ്പോള്‍
ഒരു ജീവിത മാര്‍ഗ്ഗമായി.പഞ്ചിമില്‍ നിന്നു സാധനങ്ങള്‍ മൊത്തമായി
വാങ്ങിക്കൊണ്ടുവന്നു ചില്ലറയായി വില്‍ക്കുന്നു.വീട്ടിലേക്കു ആവശ്യമുള്ളതെ
ന്തെങ്കിലും പറഞ്ഞാല്‍ അവള്‍ കൊണ്ടു വരും.അധികവും പഴവും പച്ചക്കറി
കളുമാണു.ബാക്കിയല്ലാംകാന്റീനില്‍ നിന്നു വാങ്ങിക്കും.

രണ്ടുമുറികളും അടുക്കളയും വരാന്തയും ചേര്‍ന്നതാണു ഞങ്ങളുടെ
വീട്.വരാന്ത അടച്ചുകെട്ടി ഗ്രില്ല് വെച്ചിരിക്കുന്നു.ബസ്സ് കാത്തു നില്‍ക്കുന്നവ
രുടെ ശല്യം ഒഴിവാക്കനാണത്.എങ്കിലും ഗ്രില്ലില്‍ക്കൂടി അകത്തു നടക്കുന്ന
തവര്‍ക്ക് കുറെയൊക്കെ കാണാന്‍ കഴിയും.വീടിനോട്ചേര്‍ന്നു മറ്റൊരു
ക്വാര്‍ട്ടേഴ്സും കൂടിയുണ്ടു.അതില്‍ പട്ടാളക്കാരന്‍ ഗോപാലന്‍ നായരും ഭാര്യയും
താമസിക്കുന്നു.കല്യാണം കഴിഞ്ഞിട്ടു ഏറെക്കാലമായെങ്കിലും കുട്ടികളൊന്നു
മില്ല.അവര്‍അവരുടേതായലോകത്തിലാണ്.

സെട്രല്‍ കമ്മറ്റിയില്‍ നിന്നു ലോക്കല്‍ കമ്മറ്റിയിലേക്കുമാറ്റിയ
രാഷ്ട്രീയക്കരന്റേതുപോലെയായി എന്റെ അവസ്ഥ.പുതിയ ആളുകള്‍,
പുതിയ ഭാഷ ,എല്ലാം ഒന്നില്‍നിന്നുതുടങ്ങണം.കൂട്ടിനായി ഒരു മരുപ്പച്ച
യായി ലത.കേരളം പോലെ സുന്ദരമാണു ഗോവയും.ആളുകളുടെ സ്വഭാ
വത്തില്‍ കാര്യമാ‍ായ മാറ്റമുണ്ട്.ഹ്രുദയത്തില്‍ സ്നേഹവും നന്മയും ഉള്ളവര്‍.
വായില്‍ വിരല്‍ വെച്ചുകൊടുത്താലും കടിക്കാതെ തുപ്പിക്കളയുന്നവര്‍.
വളരെ വേഗത്തില്‍ ഞാന്‍ അവിടവുമായി ഇഴുകിച്ചേര്‍ന്നു.
അവിടത്തെ നിറവും രുചിയും നുരയുന്ന സ്നേഹവും ഞാനാസ്വദിച്ചു തുടങ്ങി.
ഒഴിവു സമയങ്ങളീല്‍ അവിടുത്തെ കാഴ്ചകള്‍ വരച്ചു നിറംകൊടുത്തു വരാന്ത
യില്‍ തൂക്കി.ബസ്സ് കാത്തു നിന്നവര്‍ അതൊക്കെ കണ്ടു രസിച്ചു.
അവരുടെ ആല്‍ബങ്ങളും,പഴയ പടങ്ങളും,കാരംബോഡുമൊക്കെ
നിറം മുക്കി വരച്ചു കൊടുത്തു.പകരം കാലങ്ങളോളം ഓര്‍ക്കാനുള്ള സമ്മാന
ങ്ങള്‍ അവരെനിക്കുതന്നു.

മൂന്നാലുമാസം പോയതറിഞ്ഞില്ല.ലതയുമായുള്ള അടുപ്പം മൂലം
കൊങ്ങണി ഭാഷയും കൂറെയേറെ വശമായി.ആണ്‍ പെണ്‍ ബന്ധങ്ങളില്‍
അതിരുകള്‍ വെക്കാത്തവരാണ് ഗോവന്‍സ്.വളരെ അടുത്തയാളോടെന്ന
പോലെയാണവള്‍ എന്നോടവള്‍ പെരുമാറിയിരുന്നത്.ദുരുദ്ദേശ്ശപരമായ
ഒരു സ്പര്‍ശം പോലുമവളനുവദിച്ചിട്ടില്ല.അതിനു ശ്രമിച്ചാല്‍ ഒച്ചവെക്കുകയോ
ഒഴിഞ്ഞു മാറുകയോ ചെയ്യും.മനസ്സ് വഴിവിട്ടു സഞ്ചരിച്ചപ്പോഴും ഞാന്‍ അതിരു
കള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

ഇതിനിടയില്‍ എനിക്കൊരു ജോലികിട്ടി.സുവാരി ആഗ്രൊ
കെമിക്കത്സിന്റെ സൈറ്റില്‍ ഒരു കോണ്ട്രാക്റ്റ്കമ്പനിയില്‍.ഫയര്‍ അലാം
ആന്റ് കമ്മൂണിക്കേഷന്‍ സിസ്റ്റം ഇന്‍സ്റ്റല്ലേഷനാണു പണി.അതോടെ
എന്റെ ഒഴിവു സമയങ്ങള്‍ ചുരുങ്ങി.കാലത്തെ പോയാല്‍ വൈകിയാണ്
വീട്ടിലെത്തുക.ഞായറാഴ്ചകളിലെ ബീച്ചിലേക്കുള്ള യാത്രമാത്രമായി ലതയു
മായികൂടാനുള്ള അവസരം.അവള്‍ക്കു പതിനൊന്നാം ക്ലാസ്സിലേക്കുള്ള
പരീക്ഷയുടെ സമയവും. പരീക്ഷകഴിഞ്ഞു വെക്കേഷന്‍ ആയപ്പൊഴേക്കും
എന്റെ ജോലിയും കഴിഞ്ഞു.സൈറ്റിലെ പണികള്‍ തീര്‍ന്നപ്പോള്‍ ഒരു മാസം
മുപ്പതിനു എനിക്കു ശമ്പളവും പിരിച്ചുവിടല്‍ നോട്ടീസ്സും കിട്ടി.അവരുടെ
അടുത്ത വര്‍ക്ക് ഗുജറാത്തിലാണു,എനിക്കു താല്‍പ്പര്യം ഉണ്ടെങ്കില്‍ അവിടെ
ജോയിന്‍ ചെയ്യാം.

വീട്ടില്‍ വന്നു അച്ഛനോടു പറഞ്ഞപ്പോള്‍ നീ നാളെത്തന്നെ വീട്ടിലേ
ക്കു പോവുക.തിരികേവരുമ്പോഴേക്കും ഞാനെന്തെങ്കിലും ജോലി ശരിയാക്കി
വെയ്ക്കാം കുറെ നാളുകളായില്ലെ വീട്ടീല്‍ നിന്നു മാറി നിന്നിട്ടു എന്നമറുപടിയാണ്
കിട്ടിയത്.പിറ്റെ ദിവസ്സം പുറപ്പെടാന്‍ സമയമായപ്പോഴാണ് ലത വന്നത്.
“ഞാന്‍ വീട്ടീലേക്കു പോവുകയാണ്,എന്റെ ഇവിടുത്തെ ജോലി കഴിഞ്ഞു”
ഞാന്‍ പറഞ്ഞു.”ഇനി എന്നാണ് തിരികെ വരിക’ അവള്‍ ചോദിച്ചു.“
“ഒന്നും തീരുമാനിച്ചിട്ടില്ല’
“അവിടെ ചെന്നാല്‍ എന്നെ ഓര്‍ക്കുമോ’
“ചിലപ്പോള്‍ ഓര്‍ക്കും,അവിടെ നല്ലജോലി വല്ലതും ശരിയായാല്‍ പിന്നെ
മറന്നെന്നും വരും”.
“നിങ്ങള്‍ വന്നതിനു ശേഷം ഡാഡിയുടെ വേര്‍പാടിന്റെ വേദന ഞാന്‍ മറന്നു
ഇത്രയും പെട്ടെന്നതു ഇല്ലാതാകുമെന്നു ഞാനറിഞ്ഞില്ല”അവള്‍ പൊട്ടിക്കരഞ്ഞു.
പെട്ടെന്നവള്‍ മുറിയിലേക്കുകടന്നു എന്റെ കഴുത്തില്‍ കയ്യിട്ടു ചുണ്ടില്‍ ചുംബിച്ചു.
എന്റെ പിടി മുറുകും മുമ്പേ കുതറി മാറി നിന്നു പറഞ്ഞു,
“തിരികെ വരുമ്പോളിതു എനിക്കു മടക്കിത്തരണം”.
ആ ഒരൊന്നാണു എന്റെ രണ്ടാമതു ഗോവന്‍ യാത്രക്കൂള്ള പ്രചോദനമായത്.

Wednesday, February 13, 2008

യാത്ര തുടങ്ങുകയായി..

പഠിപ്പ് കഴിഞ്ഞ് സ്റ്റഡിസര്‍ക്കിളും വായനശാലയും രാഷ്ട്രീയവുമൊക്കെയായി
നടക്കുന്നകാലത്താണു അഛന്‍ ഗോവായിലേക്കു വിളിക്കുന്നത്.
“ജൊലിയൊന്നും കിട്ടിയില്ലെങ്കിലും എനിക്കൊരു കൂട്ടായല്ലൊ.
പിന്നെക്കുറെ ലോകപരിചയവും കിട്ടും.“
ഇരുപത്തഞ്ചു വര്‍ഷത്തെ ആര്‍മി സേവനത്തിനു ശേഷം ബൊംബോളിം
ക്യാമ്പില്‍ സിവിലിയനായിട്ടു ജോലി നോക്കുകയാണ്.
ക്യാമ്പിനകത്ത്തന്നെ മുറിയും ഭക്ഷണവും കിട്ടുമെങ്കിലും അഛന്‍ പുറത്ത്
ഒരു വീടെടുത്തു താമസിക്കുന്നു.ഇരുപത്തഞ്ച് കൊല്ലത്തെ
മടുപ്പു ഒഴിവാക്കാനായിരിക്കും.
പഠിപ്പു കഴിഞ്ഞ് ജോലി കിട്ടുന്നതിനുമുന്‍പുള്ള ഒരു ഇടവേള എത്ര രസകര
മായിരിക്കുമെന്നു അനുഭവിച്ചവര്‍ക്കേ അറിയാനൊക്കൂ.
ഞാന്‍ പോക്ക് കഴിയുന്നത്ര നീട്ടികൊണ്ടുപോയി.
ഒടുവില്‍ you should reach here positively on..എന്ന
മെസ്സേജ് കിട്ടുമ്പോഴാണു കെട്ട് മുറുക്കിയത്.

നൂറുകണക്കിനു കൂട്ടുകാരുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്.
അക്കാലത്ത് ഹാര്‍ട്ടറ്റാക്ക് കുറവായതുകൊണ്ടാണ്,ഞാന്‍ ഹ്രുദയം പൊട്ടി
മരിക്കാതിരുന്നത്.ത്രിശ്ശൂര്‍ നിന്നു മങ്കലാപുരത്തേക്ക്, അവിടെനിന്നു ലോണ്ട
പിന്നെ മഡ് ഗ്ഗാവ്.വെളുപ്പിനു മൂന്നു മണിക്ക് ട്രയിന്‍ ലോണ്ടയിലെത്തി.
അവിടെ അഛന്‍ കാത്ത് നിന്നിരുന്നു.മര്‍ഗോവയിലേക്കുള്ള ട്രയിനില്‍
കയറിപ്പറ്റി. കാല് വെക്കാന്‍പോലും സ്ഥലമില്ല.
സീറ്റുകളിലും ബര്‍ത്തുകളിലും പട്ടാളക്കാര്‍ ബെഡ്ഡോള്‍ഡര്‍ നിവര്‍ത്തിയിട്ട്
കിടന്നുറങ്ങുന്നു.കുറെ നിന്നു മടുത്തപ്പോള്‍ അഛന്‍ പറഞ്ഞു,
“അനുജന്മാരെ നിങ്ങള്‍ എഴുന്നേറ്റിരുന്നാല്‍ കുറേ പേര്‍ക്ക് ഇരിക്കാന്‍ പറ്റും,
നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു”.
“കാലത്ത് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണു,ഇനിയൊന്നുറങ്ങണമെങ്കില്‍
അടുത്ത ആഴ്ചയേ പറ്റൂ”ഒരാള്‍ മുരണ്ടു.
അഛന്‍ പറഞ്ഞു” friends I have served the Army for
the last 25 years,still Iam serving.You should not
behave like this".
“ഠീക്ക് ഹേ ഭായ്”പട്ടാളക്കാരിലൊരുവന്‍ വിളിച്ചു പറഞ്ഞു.
പ്രശ്നം യാത്രക്കാര്‍ ഏറ്റു പിടിച്ചു.പരസ്പരം തെറി വിളി.ഹിന്ദിയില്‍ ഇങ്ങോട്ടും
മലയാളത്തിലും കന്നടയിലും തിരിച്കങ്ങോട്ടും. സീറ്റില്‍ കിടന്നവര്‍ എഴുന്നേറ്റിരുന്നു.
അഛന്‍പറഞ്ഞു”കഴിഞ്ഞമുപ്പതുകൊല്ലമായി ഞാന്‍ ട്രയിന്‍ യാത്ര ചെയ്യുന്നു
ഇങ്ങിനെയൊരനുഭവം എനിക്കാദ്യമായാണ്”
പെട്ടെന്നൊരുവന്‍ എഴുന്നേറ്റ് അഛന്റെ നേരെ കയ്യോങ്ങി.
ഞാന്‍ ഇടയില്‍ കയറി നിന്നതു കൊണ്ടു അടി കൊണ്ടില്ല.
പിന്നീട് മര്‍ഗോവ വരെയുള്ള യാത്ര ശ്വാസമടക്കിപിടിച്ചുകൊണ്ടായിരുന്നു.

അതിരുകള്‍ കാക്കുന്ന പട്ടാളക്കാരന്‍ കമാണ്ടുകള്‍ അനുസരിക്കുക
മാത്രമാണോ ചെയ്യുന്നത്?മനസ്സില്‍ കാരുണ്യം ഒന്നില്ലേ?
ക്യാമ്പിലെ കര്‍ശ്ശനവും വിരസ്സവുമായ ജീവിതമാണോ സ്നേഹത്തെ മനസ്സില്‍
നിന്നു തുടച്ചു നീക്കുന്നത്?.

Tuesday, February 12, 2008

വെളിപാടുകള്‍.

മകരം പത്തിനു കുടുംബ ക്ഷേത്രത്തില്‍ വേല.
കോമരങ്ങള്‍ കുമാരേട്ടനും കുഞ്ഞാപ്പുട്ടിയും.
ആശാനും ശിഷ്യനും മാത്രമല്ല ബന്ധുക്കള്‍ കൂടിയാണു.
ആശാന്റെ നിഴലായി കുഞ്ഞാപ്പുട്ടി കാണും.
ആദ്യം വെളിച്ചപ്പെടുക കുമാരേട്ടനായിരിക്കും.
പിറകേ കുഞ്ഞാപ്പുട്ടി.
അന്നു പതിവിലും വൈകിയാണു കുമാരേട്ടന്റെ വെളിച്ചപ്പെടലുണ്ടായത്.
ദീപാരാധന സമയം. കുഞ്ഞാപ്പുട്ടി പിന്നെ താമസിച്ചില്ല.
അരമണിയും വാളും ചിലമ്പുമായി,മേളക്കാരേയും ഭക്തജനങ്ങളേയും
തള്ളിമാറ്റിക്കൊണ്ട് കുമാരകോമരം കിഴക്കേ ആല്‍ത്തറയിലേക്കു ഓടി.
പിറകേ കുഞ്ഞാപ്പുക്കോമരവും.
ഓട്ടത്തിനിടയില്‍ കഴിഞ്ഞകൊല്ലം ഇല്ലാതിരുന്ന ഒരു വേരില്‍ തട്ടി
കുമാരക്കോമരം മുന്നോട്ടു മൂക്കു കുത്തി,വീണില്ലെന്നു മാത്രം.
ദേവികടാക്ഷം ! അല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി?
അരമണിയും വാളും ചിലമ്പുമായി,ഓര്‍ക്കാനേ പറ്റുന്നില്ല,
ഏതയാലും തനിക്കു പറ്റിയ അബദ്ധം ശിഷ്യനു പറ്റരുതല്ലോ,
“ഇവിടെ ഒരു വേരുണ്ടു കുഞ്ഞാപ്പുട്ടി”
ഓട്ടത്തിനിടയില്‍ കുമാരേട്ടന്‍ വിളിച്ചു പറഞ്ഞു.
“അതു ഞാന്‍ കണ്ടു ചേട്ടാ”കുഞ്ഞാപ്പുട്ടീ.
സംഗതി പുറകെ ഓടിയെത്തിയ ഭക്തര്‍ പിടിച്ചെടുത്തു.
സന്ദര്‍ഭത്തിനനുസരിച്ചു അതിപ്പോഴും പറഞ്ഞു രസിക്കുന്നു.

Monday, February 11, 2008

സുന്ദരകാണ്ഡം.

ആലുവായിലെ എന്റെ ആദ്യ ശിവരാത്രി സുന്ദരേട്ടനൊപ്പമായിരുന്നു.
“ഡ്യൂട്ടിയും നോക്കാം ശിവരാത്രിവ്രതമെടുത്തു ഉറക്കമൊഴിക്കുകയും ചെയ്യാം.
ഇങ്ങിനെയൊരവസരം പിന്നീടുകിട്ടിയെന്നു വരില്ല.“സുന്ദരേട്ടന്‍ പറഞ്ഞു.
പേരും,രൂപവും,സ്വഭാവവും തമ്മില്‍ ബന്ധമൊന്നുമില്ല.
സുന്ദരേട്ടന്‍ കറുത്തു തടിച്ചിട്ടാണ്.ഒരു തമിഴ്ലുക്കുണ്ട്.
സ്വഭാവമാണെങ്കിലോ തനി പട്ട്.
സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി എന്തും ചെയ്യും.
കുടിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്കു വാങ്ങി കൊടുക്കും.
ഒരിക്കലൊരു കൂട്ടുകാരനു കിഡ്നി ദാനം ചെയ്യാന്‍ തയ്യാറായി.
ഭാര്യയുടെ ശക്തമായ ഇടപെടല്‍ മൂലമാണു അതില്‍നിന്നൊഴിവായത്.
ആലുവാദേശത്ത് ചെണ്ടപ്പുറത്ത് കോലു വീണാല്‍,ഉത്സവമായാലും,
പള്ളിപ്പെരുന്നാളായാലും സുന്ദരേട്ടന്‍ എന്നെക്കൂടെ കൂട്ടും..
മണപ്പുറത്ത് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സ്വിച്ച് റൂമിലായിരുന്നു ഡ്യുട്ടി.
ഓലഷെഡ്ഡിന്റെ പുറകില്‍ സുന്ദരേട്ടന്‍ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്തിരുന്നു.
രാത്രി രണ്ടു മണിവരെയേ എനിക്കുറക്കം തടുത്തു നിര്‍ത്താന്‍ കഴിഞ്ഞുള്ളു.

കാലത്തു ആറുമണിക്കു എന്നെ തട്ടിവിളിച്ചു പറഞ്ഞു,“വാ വീട്ടിലേക്കുപോകാം
നിങ്ങളുടെ ഡ്യൂട്ടിയും വ്രതവും ഞാനാണു നോക്കിയത്,അടുത്ത ശിവരാത്രിക്ക് ഇത്
തിരിച്ചു നോക്കിയാല്‍ മതി”.വീട്ടില്‍ ചെന്നാല്‍ സുന്ദരേട്ടന്‍ വേറൊരാളാണു.
ഭാര്യ എന്തു പറഞ്ഞാലും ചിരിച്ചു കേട്ടുകൊണ്ടിരിക്കും,ചിലപ്പോള്‍ ഒന്നുമൂളിയെങ്കിലായി.
വീടിനുതൊട്ട് ഒരു പൊടിമില്ലുണ്ട്,ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയതാണ്.
സുന്ദരേട്ടന്റെ സ്വഭാവം കാരണം രണ്ടെറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസമാണ്.
വീട്ടാവശ്യത്തിനുള്ള മല്ലിയും മുളകും കാശുകൊടുത്തു വാങ്ങേണ്ടിവരില്ല എന്നാണവര്‍
പറയാറുള്ളത്.നല്ലകുത്തരിച്ചോറും.അച്ചാറും,തയ് രും പപ്പടവും,പിന്നെ പറമ്പില്‍
ഉണ്ടാക്കിയ പച്ചക്കറിയും.എന്റെ ഹോട്ടല്‍ ശാപ്പാടിനൊരു ബ്രയ്ക്ക്.ഞാനതു
ശരിക്കും ആസ്വദിക്കാറുണ്ട്.

സിനിമ സുന്ദരേട്ടന്റെ മറ്റൊരു വീക്നെസ്സാണ്.സുന്ദരേട്ടന്റെ ആല്‍ബം
പരിശോധിച്ചാല്‍ അതു മനസ്സിലാകും.സിനിമാനടികളൊന്നിച്ചുള്ള ധാരാളം ഫോട്ടൊ
കള്‍.പുള്ളിയുടെ ഭാര്യ എപ്പോഴും പറയും“ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോയേക്കാള്‍
എത്രയോ കൂടുതലാണു അങ്ങേര്‍ നടികളൊന്നിച്ചു എടുത്തിട്ടുള്ളത്.”
“ചേട്ടന്‍ സിനിമയിലഭിനയിച്ചിട്ടുണ്ടോ” ഞാന്‍ ചോദിച്ചു.
“ഇല്ല,നേരത്തേ എനിക്കു സാധിക്കുമായിരുന്നു,അന്നൊന്നും തോന്നിയില്ല,ഇപ്പോള്‍
എനിക്കൊരു മോഹം ഇല്ലാതില്ല”.
ആയിടെക്കാണു പ്രേമേട്ടന്‍ ഇന്ദ്രപ്രസ്ഥത്തിനു ശേഷം മറ്റൊരു പടം പിടിക്കാന്‍
തുടങ്ങിയത്.പേരു ഓരോ വിളിയും കാതോര്‍ത്ത്.ഇതൊരു ലൊബജറ്റ് പടമായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിനു മുടക്കമുതല്‍ തിരിച്ചു കിട്ടിയില്ല.ത്രിപ്രയാറും പരിസരവുമാണ്
ഷൂട്ടിങ്ങ് നടക്കുന്നത്.ഞാന്‍ പ്രേമേട്ടനോട് സുന്ദരേട്ടന്റെ കാര്യം പറഞ്ഞു.
അദ്ദേഹം സംവിധായകന്‍ വിനുവുമായാലോചിച്ച് ചില സീനുകളില്‍ അഭിനയിപ്പി
ക്കാമന്നേറ്റു.ചിത്രത്തിലെ കൊടതി സീനുകളില്‍ വക്കീലായിട്ടാണ്.
കുറച്ചേറെ സീനുകള്‍ ഷൂട്ട് ചെയ്തൂ.പ്രേമേട്ടനെ മണിയടിച്ചു ചിത്രത്തിലെ പുതുമുഖ
നായികയുമൊന്നിച്ചു ഒരു ഫൊട്ടോയും സുന്ദരേട്ടന്‍ സംഘടിപ്പിച്ചു.

പടം പൂര്‍ത്തിയായെങ്കിലും ലാബില്‍ നിന്നു പ്രിന്റ് വിട്ടുകൊടുത്തില്ല.
ഇന്ദ്രപ്രസ്ഥത്തിന്റെ കടമായിരുന്നു പ്രശ്നം.പ്രേമേട്ടന്‍ ഗള്‍ഫിലേക്കു തിരിച്ചു
പോയി .കടമല്ലാം വീടിയപ്പോഴേക്കും വര്‍ഷങ്ങള്‍ കടന്നുപോയി.ചിത്രം റിലീസ്
ചെയ്യാന്‍ പറ്റാത്ത അവസ്ഥ.നടീനടന്മാര്‍ പലരും മരിച്ച് പോയിരുന്നു.
പ്രമേയത്തിന്റെ പുതുമയും നഷ്ടപ്പെട്ടിരുന്നു.

അമ്ര് താ ടി വി ക്കാ‍ര്‍ പടം വാങ്ങി.രണ്ടര മണിക്കൂര്‍ പടം ഒന്നര
മണിക്കൂറായി വെട്ടിച്ചുരുക്കി. സുന്ദരേട്ടെന്റെ സീന്‍ ഒന്നുപോലും ഇല്ലാതെയാണ്,
പടം റിലീസ്സായത്.അപ്പോഴേക്കുമദ്ദേഹം ഉര്‍വ്വശ്ശി,മേനക,രംഭ എന്നിവരുടെ
യൊപ്പം സ്റ്റിത്സിനുവേണ്ടി സ്വര്‍ഗ്ഗലോകത്തേക്ക് യത്രയായിരുന്നു.